നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (NCP)
1999 ജൂണ്‍ 10-ാം തീയതി ജന്മംകൊണ്ട പാര്‍ട്ടിയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്സിപിയെങ്കിലും അതിന്റെ ചരിത്ര പശ്ചാത്തലം അടിയന്തരാവസ്ഥ കാലം മുതല്‍ വിശദീകരിക്കേണ്ടതുണ്ട്. 1975 ജൂണ്‍ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് 1977ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇന്ദിരയും അമ്പേ പരാജയപ്പെട്ടു. ഇതോടെ ഇന്ദിരാഗാന്ധി പാര്‍ട്ടി നേതൃത്വവുമായി അകലുകയും 1978 ജനുവരി ഒന്നിന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനം വിളിക്കുകയും ചെയ്തു.അതിനു പിന്നാലെ ഇന്ദിര ഗാന്ധി കോണ്‍ഗ്രസിനെ പിളര്‍ത്തുകയും അവരുടെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഒപ്പം തന്നെ ഔദ്യോഗികവിഭാഗത്തിന്റെ നേതൃത്വത്തില്‍ ബ്രഹ്മാനന്ദ റെഡ്ഢി പ്രസിഡന്റായി തുടര്‍ന്നു.
1979 ല്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ദേവരാജ് അരശ് കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം പ്രസിഡന്റായി ചുമതല ഏല്ക്കുന്നു. ഇതേത്തുടര്‍ന്ന് കേരളത്തില്‍ എ.കെ ആന്റണി സംഘടനാ പക്ഷത്തും കെ. കരുണാകരന് ഇന്ദിരാപക്ഷത്തും നിലകൊണ്ടു.ദേവരാജ് അരശ് പ്രസിഡന്റായ ഔദ്യോഗിക വിഭാഗം കോണ്‍ഗ്രസ് യു എന്നും ഇന്ദിരാഗാന്ധി പ്രസിഡന്റായ വിഭാഗം കോണ്‍ഗ്രസ് (ഐ) എന്നും അറിയപ്പെട്ടു. 1980 ല്‍ ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതോടെ അനിഷേധ്യ നേതാവായി മാറുകയും പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇതോടെ യഥാര്‍ത്ഥ കോണ്‍ഗ്രസ് തങ്ങളാണെന്ന് ഇന്ദിരാഗാന്ധി പക്ഷം അവകാശപ്പെട്ടു. 1980ല്‍ ദേവരാജ് അരശ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ശരത് പവാര്‍ കോണ്‍ഗ്രസ് യു വിഭാഗത്തിന്റെ പ്രസിഡന്റാകുന്നു.
1980 ഒക്ടോബര്‍ 20-21 ബോംബയില്‍ ചേര്‍ന്ന എഐസിസി സമ്മേളനം പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ നാമധേയം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എസ്’ ആയി മാറ്റുന്നു. 1980 കേരളത്തില്‍ ആന്റണി വിഭാഗം ഇടതുപക്ഷവുമായി ചേര്‍ന്ന് ഇടുതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആന്റണി പക്ഷം കോണ്‍ഗ്രസ് പങ്കാളിയായ എല്‍ഡിഎഫ് ഗവണ്മെന്റ് നായനാരുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നു. ആന്റണി സംസ്ഥാന പ്രസിഡന്റായ, 22 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് എസിന് , 4 മന്ത്രിമാര്‍ ഉണ്ടായിരുന്നു. 1982 ല്‍ ആന്റണി എല്‍.ഡി.എഫ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നതോടെ നായനാര്‍ മന്ത്രിസഭ രാജിവയ്ക്കുന്നു. ഇതോടെ ഇരു മുന്നണിയിലും ചേരാതെ തനിച്ചു പ്രവര്‍ത്തിക്കാനും ആര്‍ക്കും പിന്തുണ നല്‍കേണ്ടന്നും കോണ്‍ഗ്രസ് എസ് തീരുമാനമെടുത്തു. പക്ഷേ തീരുമാനത്തിനു വിരുദ്ധമായി ആന്റണി, ഇന്ദിരാ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് മന്ത്രിസഭയുണ്ടാക്കാന്‍ പിന്തുണ നല്കി. കോണ്‍ഗ്രസ് എസിന്റെ 22 എംഎല്‍എ മാരില്‍ 6 പേര് തീരുമാനത്തോട് വിയോജിക്കുകയും ടി.പി. പീതാംബരന്‍മാസ്റ്റര്‍ എ.സി. ഷമുഖദാസ്, രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങി 6 എംഎല്‍എ മാര്‍ എല്‍ഡിഎഫി ന് പിന്തുണ നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആന്റണിയെ കോണ്‍ഗ്രസ് എസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി. ശരത് പവാറിനു പകരം ദേശീയ പ്രസിഡന്റായി മുന്‍ ആസാം മുഖ്യമന്ത്രി ശരത് ചന്ദ്രസിംഹയെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് കേരള സംസ്ഥാന പ്രസിഡന്റായി എസ്.വരദരാജന് നായരെയും തിരഞ്ഞെടുത്തു. വരദരാജന് നായര്‍ അസുഖമായി സ്ഥാനം ഒഴിഞ്ഞതോടെ രാമചന്ദ്രന് കടപ്പള്ളി സംസ്ഥാന പ്രസിഡന്റായി. കോണ്‍ഗ്രസ് ഐ (ആന്റണി) എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ എ.കെ. ആന്റണി പിന്നീട് കോണ്‍ഗ്രസ് ഐയില്‍ ചേരുകയായിരുന്നു.
1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം രാജ്യം ഇനി ആര് ഭരിക്കണം എന്നും ആര് പ്രതിപക്ഷ നേതാവാകണമെന്നുമുള്ള ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കുകയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആ വികാരമായിരുന്നു ശരദ് പവാര്‍, പി.എ. സാങ്മ, താരിഖ് അന്‍വര്‍ എന്നിവര്ക്കുമുണ്ടായിരുന്നത്. അവര്‍ ദേശീയമായ ഒരു തിരുത്തലിനായി ശബ്ദമുയര്‍ത്തി. ഇതോടെ മൂവരെയും കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. ഇതിനെതിരേ ശക്തമായി പ്രതികരിച്ച മൂന്ന് നേതാക്കളും 1978 മുതല്‍ കുടുംബാധിപത്യത്തിനും ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുപോന്ന കോണ്‍ഗ്രസ് എസ്സും ചേര്‍ന്ന് പുത്തന്‍ ശക്തിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രൂപം കൊടുത്തു. അങ്ങനെ 1978 മുതല്‍ കുടുംബാധിപത്യത്തിനും ഏകാധിപത്യത്തിനും എതിരായി നിലകൊണ്ട് കോണ്‍ഗ്രസ് എസ് പ്രസ്ഥാനം N.C.P യുമായി ചേര്‍ന്ന് ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച എന്‍സിപി രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ വിയോജിപ്പ് നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസിനോട് സഖ്യത്തിലാകാന്‍ തീരുമാനിച്ചത്. രാജ്യത്തെ മതേതര കക്ഷികളെ മുഴുവന്‍ ഒന്നിപ്പിക്കാനുള്ള ഉദ്യമത്തിന് മുന്‍കൈ എടുക്കാനും അത് ഫലവത്താക്കുവാനും നാളത്തെ ഇന്ത്യക്ക് നേതൃത്വം കൊടുക്കേണ്ട പാര്‍ട്ടിയാണ് എന്‍സിപി.
കേരളത്തിലെ എന്‍സിപിയുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് എസ് ആണ് പിന്നീട് എന്‍സിപിയായി മാറിയത്. ആസാം മുന്‍ മുഖ്യമന്ത്രി ശരമന്ദ്ര സിന്‍ഹ ദേശീയ പ്രസിഡന്റും ടി.പി. പീതാംബരന് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച എ.സി. ഷണ്മുഖദാസ് ട്രഷററുമായ കോണ്‍ഗ്രസ് എസ് എന്ന സംഘടന ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കോണ്‍ഗ്രസ് എസ് എന്‍സിപിയായി മാറി. അന്ന് കേരളത്തില്‍ രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എസിന് കേരള സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരില്‍ എ.സി. ഷണ്മുഖദാസ് മന്ത്രിയുമായിരുന്നു. കോണ്‍ഗ്രസ് എസ് പിരിച്ചുവിടാതെ എന്‍സിപിയായി പേരുമാറ്റുകയാണുണ്ടായത്.
എന്‍സിപി ദേശീയ തലത്തില്‍ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതുകൊണ്ടുതന്നെ രാജ്യം ഉറ്റു നോക്കുന്ന പാര്‍ട്ടിയായി എന്‍.സി.പി മാറിക്കഴിഞ്ഞെങ്കിലും ദേശീയ തലത്തില്‍ ഉടലെടുത്ത ചില പ്രശ്നങ്ങള്‍ കാരണം പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം വിട്ടുപോകുന്ന സാഹചര്യമുണ്ടായി. മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ 42 എംഎല്‍എമാരുടെ പിന്തുണയോടെ NDA സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാട് എന്‍സിപി സ്വീകരിച്ചു. എന്‍സിപിയില്‍ നിന്ന് വിട്ടുപോയ വിഭാഗം ഇന്ത്യമുന്നണിയുടെ ഭാഗമായി തുടര്‍ന്നു. ദേശീയ തലത്തില്‍ എന്‍സിപിയില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടത്തിലുള്ള ഒരു വിഭാഗം കേരളത്തിലും എന്‍സിപിയില്‍ നിന്ന് വിട്ടുപോയി. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ആയ എന്‍ എ മുഹമ്മദ് കുട്ടിയെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നും വിഭിന്നമായി വ്യത്യസ്ത നിലപാട് സ്വീകരിക്കാനുള്ള അനുവാദം കേരള ഘടകത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്.
